Saturday, August 5, 2017

മുറിവുകൾ ചികയുന്നവർക്കായ്‌


ഇനിയൊരു നിർവികാരമാം പകലിനെ
ആർത്തലച്ചുറങ്ങുമൊരു രാത്രിയെ
പുണരുവാനില്ലയീ ചലിക്കാത്ത കൈകളിൻ
മുറിവുകൾ ഇനിയും ചികയാതെ ലോകമേ.

നിങ്ങൾ കടമെടുത്തയെൻ കാതുകൾ
കണ്ണീരു പോലും കനിയാത്ത കണ്ണുകൾ
നിങ്ങൾ കൂട്ടിപ്പിടിച്ചയെൻ ചുണ്ടുകൾ
ലക്ഷ്യമില്ലാതെയെൻ നീലിച്ച മേനിയിൽ
വിടരാത്ത മോഹങ്ങൾ മുറുകെപ്പിടിക്കുമ്പോൾ
എൻ മുറിവുകൾ ഇനിയും ചികയാതെ ലോകമേ. 

നിങ്ങൾക്കു വേണ്ടി തുടിച്ചൊരെൻ ഹൃദയത്തിൽ
ശൂലമുന കൊണ്ടുള്ള ചോരയുടെ ഉറവകൾ
മൊത്തിക്കുടിച്ചു നീ മുഴുവനും പിന്നെയും
ശൂലങ്ങെളെന്തിനു ആഴ്‌ന്നാഞ്ഞിറക്കി?

ദൂരയെങ്ങോ പണ്ടു മറന്നയെൻ
നേർത്ത തണുപ്പുള്ള ഞാനെന്ന സത്യം
ഇനിയും അണിയുവാൻ കഴിയുകയില്ലയെൻ
നീലിച്ചു മരവിച്ച വാടക മേനിയിൽ.
നിർത്തുന്നിതായീ ഏകാംഗനടനം
നിങ്ങൾക്കു വേണ്ടി ആടിയ വേദിയിൽ.
യാത്രയയപ്പിനായ്‌ എത്തുമ്പോഴെങ്കിലും
എൻ മുറിവുകൾ ഇനിയും ചികയാതെ ലോകമേ..

റോഷൻ 

Sunday, July 31, 2011

യാത്ര

















നിറമേഴും മാഞ്ഞ മഴവില്ലിതായെൻ
മനസ്സിന്റെ വാതിൽ മലർക്കെത്തുറന്നു
ഇരുളു ചൂഴ്ന്ന കണ്ണുകൾ മറച്ചൊരെൻ
കണ്ണടയിലും ഇരുളു പരന്നു.
നിശ്വാസവുമായ് കാറ്റിതാ മറയുംബോൾ
നിമിഷങ്ങളോരോന്നായ് ഉതിർന്നു വീഴുംബോൾ
ഇനിയെന്തെന്നെൻ ചോദ്യത്തിൻ മുന്നിൽ
ചോദ്യചിഹ്നങ്ങളും വീർപ്പുമുട്ടി.

പകലുകളുമിരുളായ് നിറയുന്നു കണ്ണിൽ
സ്വരമേതുമില്ല ചിലംബുവാൻ കാതിൽ
നിഴൽ പോലെ മറയും സ്വരങ്ങൾക്കു മീതെ
കപടമാം ഒരു സ്മിതം മാത്രമെൻ സ്വന്തം.
ഒരു രാമുല്ല പൂക്കും സുഗന്ധം
മറന്നു ഞാനെങ്ങോ ഇനിയുണരുവാനില്ല
ഇനിയെന്തു പൂക്കും ഒരിക്കലെന്നുള്ളിൽ
വികലമാം വാക്കുകൾ എഴുതാനുമില്ല.

അറിയാതെയെത്രയോ പുതുപാത വീണ്ടും
നനുത്ത മണ്ണിന്റെ മണം വിടർത്തുംബോൾ
എകനായ് വീണ്ടും ഇനിയെത്ര യാത്രകൾ
ഇനിയും ജനിക്കാത്ത പൂക്കൾക്കു മീതെ.
ഒരിക്കൽ നിലയ്ക്കുമീയപധ സംജാരവും
ജനിച്ച പുൽനാംബുകൾ വീണ്ടും മരിച്ചിടും
ഒർമമ പുംജിരികളായ് വിടരുമൊരു കാലം
യാത്രയായീടുമെൻ ഒരോ കണികയും.

--------റോഷൻ--------

Monday, February 25, 2008

ഇനിയും ഒരു വസന്തം.



രാവും നിലാവും ഒരുമിച്ചുണര്‍ന്നു
രാപ്പാടികളുടെ സംഗീതവും
കൊഴിഞ്ഞു തീരാത്ത ഹിമകണങ്ങളില്‍
പൂനിലാവും പതിയെ ചിരിച്ചു.
ഇളകിയൊരിലത്തുംബില്‍ നിന്നമൃതമായ്
തൂമഞ്ഞുതുള്ളികള്‍ വീണുടഞ്ഞു
ചിതറിപ്പടര്‍ന്നൊരാ തുള്ളി തന്‍ തേങ്ങലില്‍,
അറിയാതെയെപ്പൊഴോ ഞാനും ഉണര്‍ന്നു.

സ്വപ്നം നീട്ടിയ തന്ത്രികള്‍ ദ്രവിച്ചുപോയ്
വിരല്‍ തൊടുവാനേ കഴിഞ്ഞതില്ല.
അറിയാതെ മീട്ടിയ വിരലുകളില്‍
നിറഞ്ഞൊരാ മുറിവുകള്‍ മറഞ്ഞതില്ല.
ഓര്‍മ്മകള്‍ പോലും എന്നേ ഓര്‍മ്മയായ്
വന്നുമില്ലോര്‍ക്കാനൊരു നിമിഷവും..
നിലാവില്‍ തണുത്തൊരാ കാലം മറന്നുപോയ്
നിശാഗന്ധി പൂത്തൊരാ മണ്ണും ഉറഞ്ഞുപോയ്.

ഒരുവാക്കു പറയാനൊരുപാടലഞ്ഞു..
കൂടെ നടന്നവറ് അപ്രാപ്യമായ്
വാക്കുകള്‍ അണഞ്ഞു മഴവില്ലുപോലെ
പറയാനൊരുങ്ങി ഞാ‍ന്‍...പതിയെ മറഞ്ഞുപോയ്.
പണ്ടു പറന്നു പോയ് പക്ഷികള്‍ ദൂരെ,
കൂടെ പറക്കാന്‍ കഴിഞ്ഞതില്ല.
അരികിലേക്കണയാന്‍ നിനച്ചപ്പൊഴേയ്ക്കും,
അവസാന തൂവലും പൊഴിഞ്ഞിരുന്നു.

നിഴലുകള്‍ ഇന്നെന്റെ മിത്രങ്ങളായ്
മഴവില്‍സ്വരങ്ങളും മറന്നില്ല ഞാന്‍.
ഇനി യാത്രയില്ല..നില്പു ഞാനിവിടെ
തിരിയട്ടെ കാലം, മാറട്ടെ ഞാനും.
നിലാവും പൂക്കളും മറക്കില്ല ഞാന്‍
ഇനിയുമുണരും അവയെന്നിലൊരുനാള്‍.
കൊതിക്കട്ടെ ഞാനും പുതിയൊരു വസന്തം,
കൂട്ടിരിക്കാന്‍ കുറേ സ്വപ്നങ്ങളും.

-----റോഷന്‍-----

Wednesday, January 23, 2008

സുഹൃത്ത്.


അലിഞ്ഞു ചേര്‍ന്നൊരീയിലകള്‍ക്കു മീതെ,
പുലരി തേടി ഞാനലഞ്ഞീടുംബോള്‍
അടര്‍ന്നു വീണ മഴത്തുള്ളികളെന്‍,
കണ്ണുകള്‍ തൊടാതെ കടന്നു പോകുംബോള്‍..
മിഴിത്തുംബിലുതിര്‍ന്ന നീര്‍കണങ്ങളെ
തിരിച്ചറിയാതെ മറച്ചു പിടിച്ചു ഞാന്‍
ഒരു മഴത്തുള്ളിയിലലിഞ്ഞൊന്നു ചേരുവാന്‍
കാലങ്ങളെത്രയോ കൊതിച്ചു നിന്നൂ ഞാന്‍.

ശലഭങ്ങള്‍ പാറിയ, പച്ച വിരിച്ച
വിദ്യാലയം ഇന്നെന്നോര്‍മ്മയായ്.
പാടിത്തളര്‍ന്ന, ചിരികള്‍ മായാത്ത
ചുമരുകള്‍ പോലും ഇവിടെ കഥയായ്.
പ്രണയം ജനിച്ചൊരാ വഴിയോരങ്ങളും
നിശബ്ദമായോതിയ യാത്രാമൊഴിയും
ഓര്‍മ്മയിലേക്കു മറഞ്ഞു പോകാതെ
അറിയില്ലയെന്‍ ജീവവായു പോലെ.

കിനാക്കള്‍ കൊഴിഞ്ഞ ശിഖരങ്ങളില്‍
മൌനം വെറുതെ കൂടു കൂട്ടി
നിറസന്ധ്യ തേങ്ങി, നിലാവിനെ മറന്നു
ഏകാന്തതയെ പ്രണയിച്ചു ഞാന്‍.
മണല്‍പ്പരപ്പില്‍ വെറുതേയലഞ്ഞു
കടലിന്നലകള്‍ പിന്നെയും തിരഞ്ഞു
യുഗങ്ങളില്‍ മാത്രം പുനര്‍ജ്ജനിക്കുന്ന,
പൊട്ടിച്ചിരികളില്‍ വീണ്ടും അലിഞ്ഞു.
തളര്‍ന്നു ഞാന്‍ രാവില്‍ തിരികെയെത്തുംബോള്‍
നിശബ്ദമായ് നീയെന്നും കാത്തിരുന്നു
രാവിന്‍ തണുപ്പില്‍ ഉറങ്ങാതിരിക്കുംബോള്‍
ഒരു പുതപ്പായ് നീ കൂട്ടിരുന്നു.

ഒരു പുലരിയായ് എന്നോ ഉദിച്ച
ആത്മസുഹൃത്തേ നിന്‍ വാക്കുകള്‍..
ഋതുക്കളെത്താണ്ടി പറന്നടുക്കുംബോള്‍
കണ്ണീര്‍ക്കണങ്ങള്‍ അലിഞ്ഞു പോയി.
ഒരു കാതു തന്നു നീ കേള്‍ക്കാനിരുന്നു
ചാഞ്ഞിരിക്കാനൊരു ചില്ല തന്നു..
മിഴിനീര്‍ക്കണങ്ങള്‍ പൂവായ് വിടര്‍ത്തി
അതിന്റെ സൌരഭ്യം നീ പകര്‍ന്നു തന്നു.

അറിയാം പുലരികള്‍ ഇനിയെത്ര ബാക്കി
ഇന്നലെകളുടെ വേദനയും..
മറയ്ക്കട്ടെ ഞാനവ, തുഴയട്ടെ ദൂരെ,
വേദനിക്കാതൊരു തീരമണയാന്‍.
എന്‍ സുഹൃത്തേ നീ തന്ന വാക്കുകള്‍
കൂട്ടീടട്ടെ ഞാനെന്റെ കൂടെ..
തേങ്ങലായിനിയുമെന്നോര്‍മ്മയെത്തുംബോള്‍,
നെഞ്ചോടു ചേര്‍ത്തു പിടിച്ചീടുവാന്‍.

----റോഷന്----

Monday, December 24, 2007

‌‌‌‌‌‌‌‌‌‌‌‌‌‌‌ഒരു ജന്മത്തിന് വിട.




‌‌‌‌‌

നിലാനദിയിലെ നീറ്ക്കുമിള പോലെ
ഉടഞ്ഞു പോയ നിന്‍ സ്വപ്നങ്ങളെ,
തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെനിക്ക്
ഞാനും തളറ്ന്നു പോയിരുന്നു.
പൂക്കള്‍ നിറച്ച വസന്തം നീട്ടിയ
സ്നേഹമാം കൈകളെ തട്ടിയെറിഞ്ഞൊരീ-
കൈത്തണ്ടയിലെ കറയൊന്നു കഴുകുവാന്‍
തുടരേണമെത്രനാളീയാത്ര ഞാനും.

പുലറ്മഞ്ഞു പൂത്ത, പുല്‍നാംബു തളിറ്ത്ത,
വീഥികളൊക്കെയും ഇന്നെനിക്കന്ന്യമായ്..
അഴിയാത്ത കൈകളില്‍ ആദ്യമറിഞ്ഞൊരീ
ചൂടും തണുപ്പും എന്നേ നഷ്ടമായ്.
മുറിവേറ്റ മണികള്‍ ഇന്നിതാ നിശബ്ദമായ്
കാറ്റും മടുത്തു അവയെ തഴുകുവാ‍ന്‍.
പാടിയടുത്ത കിളികളേയും, പാതി മിഴി പൂട്ടിയ ചന്ദ്രനേയും,
നിര്‍വികാരതയിലെ നേര്‍ത്ത മഴയേയും
മൌനം കൊണ്ടു ഞാന്‍ സ്വീകരിച്ചു.

നിദ്രയില്‍ നീയെന്നെ വിളിച്ചുണര്‍ത്തി..
പുഞ്ചിരി തൂകി മാഞ്ഞു പോകുംബൊഴും
വേദന കൊണ്ടു മുഖം മറച്ചൂ ഞാന്‍
കണ്ണീരാലെന്‍ തലയിണ നനച്ചു.
ഋതുക്കളിന്‍ പാളികള്‍ അടരാന്‍ കൊതിച്ചു ഞാന്‍
എത്ര നാള്‍ തനിയെ കാത്തിരുന്നു..
അടര്‍ന്നുണങ്ങിയ കാലങ്ങളൊക്കെയും
ആ മുഖം മാത്രം തിരിച്ചു തന്നു.

അറിയില്ലയെന്നും എന്നില്‍ ജ്വലിക്കുന്ന,
ദീപമേ നിന്നെ ഞാന്‍ എങ്ങിനെ കെടുത്തി?
കാറ്റുകള്‍ പോലും കടന്നു ചെല്ലാത്ത
വിജനമാം വീഥികള്‍ ഇന്നിതാ സാക്ഷി.
വിട പറയുവാന്‍ കഴിഞ്ഞതല്ല...
മനസ്സൊട്ടുക്കുമേ പറയില്ലൊരിക്കലും.
മനസ്സിനെ മെരുക്കാന്‍ കഴിയില്ലെനിക്ക്...
അതു തെളിക്കുന്ന വഴിയാണെനിക്കിന്ന് പ്രാപ്യം.


----റോഷന്‍----

Sunday, December 9, 2007

കാലം


മേഘമേ നിന്നെപ്പിരിഞ്ഞ മഞ്ഞുതുള്ളികള്‍
എന്നിലെന്തേ കുളിരേകിയില്ല..
വൃശ്ചികത്തേരേറി വന്ന കാറ്റേ..
എന്നിലെന്തേ നീ ഇടം തേടിയില്ല..
പിന്നിട്ട പാതകള്‍, മുരടിച്ച വീഥികളില്‍..
വാക്കുകള്‍ പോലും തിരിഞ്ഞു നോക്കാതെ..
എത്ര നാളെണ്ണി ഞാന്‍ അടര്‍ന്ന പാഴിലകളെ,
എത്രയൊളിച്ചു നീ വിടര്‍ന്ന പൂമണികളെ..
ഓര്‍മ്മകള്‍ മരിച്ചു, നിശ്വാസങ്ങളായ്
ഓര്‍ക്കാനില്ലാതെ മനസ്സു മരവിച്ചു.
പൊട്ടിച്ചിരികളും കപടകലഹങ്ങളും
കണ്ടു മടുത്തു, കാതുകള്‍ ചൊറിഞ്ഞു.
തണലിന്റെ ഓരം വെറുതേ തിരഞ്ഞ്..
ഞാനും നടന്നു..അറിയാതെയെങ്ങോ.
പേരാലിനിലകള്‍ എന്നെ തഴുകി..
ഉറങ്ങി ഞാനതിന്‍ ഉണങ്ങിയ വേരുകളില്‍
ഉണര്‍ന്നെണീറ്റപ്പോള്‍ എല്ലാം വിജനമായ്..
പൂഴിമണലൂതുന്ന മരുഭൂമി പോലെ..
കണ്ണുകള്‍ തിരുമ്മി, കാതുകള്‍ തിരഞ്ഞു
മരിചീക പോലെ പേരാലും ഞാനും.
അറിഞ്ഞു ഞാനെപ്പോഴോ ഒരു യുഗം മരിച്ചു..
കാറ്റിതാ തണുത്തു അതിന്‍ നിശ്വാസം പോലെ..
കഴിഞ്ഞ കാലം ഞാന്‍ തിരഞ്ഞതില്ല
പുതിയതൊന്നിനായ് കേണുമില്ല..
ചക്രവാളത്തിലൊരു സൂര്യന്‍ ജനിച്ചു..
സൂര്യനാളത്തിനായ് ഉറങ്ങാതെ ഞാനും.

---റോഷന്‍---

Thursday, November 29, 2007

ഓര്‍മ

കാറ്റ്..തലോടാതെ..സ്വാന്തനിപ്പിക്കാതെ..സുഗന്ധമേകാതെ..വീണ്ടും..
നടന്നു നീങ്ങിയ പാതയില്‍,
വസന്തത്തില്‍ പൂത്ത പൂക്കള്‍ വാടിപ്പോയി..
മൂടല്‍മഞ്ഞിലൂടെ ആ നല്ല ഓര്‍മ്മകളുടെ നിഴലുകള്‍ ഞാന്‍ തിരയുമ്പോള്‍,
ഉണങ്ങാത്ത മുറിവുകളില്‍ ആരൊക്കെയൊ ചികയുന്നുണ്ടായിരുന്നു...
ഒറ്റപ്പെട്ട നിമിഷങ്ങളില്‍..മനസ്സിനെ തണുപ്പിച്ച പഴയ കാറ്റില്‍..
ഒരു മഞ്ഞുതുള്ളി വീതം എന്റെ മനസ്സില്‍ വീണിരുന്നു..
ആ നനവിന് അതിനോളം ആയുസ്സില്ലായിരുന്നു.

മഞ്ഞില്‍ മറഞ്ഞ എന് ഓര്‍മ്മകള്‍ തേടി..
വയ്കിയെത്തുന്ന എന്‍ മഞ്ഞുതുള്ളികള്‍ സൂക്ഷിച്ച്..
ഞാന്‍ കാത്തിരുന്നു..എന്‍ പഴയ വസന്തത്തിനായ്..

‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--റോഷന്‍--