Monday, December 24, 2007

‌‌‌‌‌‌‌‌‌‌‌‌‌‌‌ഒരു ജന്മത്തിന് വിട.




‌‌‌‌‌

നിലാനദിയിലെ നീറ്ക്കുമിള പോലെ
ഉടഞ്ഞു പോയ നിന്‍ സ്വപ്നങ്ങളെ,
തിരികെ നല്‍കാന്‍ കഴിഞ്ഞില്ലെനിക്ക്
ഞാനും തളറ്ന്നു പോയിരുന്നു.
പൂക്കള്‍ നിറച്ച വസന്തം നീട്ടിയ
സ്നേഹമാം കൈകളെ തട്ടിയെറിഞ്ഞൊരീ-
കൈത്തണ്ടയിലെ കറയൊന്നു കഴുകുവാന്‍
തുടരേണമെത്രനാളീയാത്ര ഞാനും.

പുലറ്മഞ്ഞു പൂത്ത, പുല്‍നാംബു തളിറ്ത്ത,
വീഥികളൊക്കെയും ഇന്നെനിക്കന്ന്യമായ്..
അഴിയാത്ത കൈകളില്‍ ആദ്യമറിഞ്ഞൊരീ
ചൂടും തണുപ്പും എന്നേ നഷ്ടമായ്.
മുറിവേറ്റ മണികള്‍ ഇന്നിതാ നിശബ്ദമായ്
കാറ്റും മടുത്തു അവയെ തഴുകുവാ‍ന്‍.
പാടിയടുത്ത കിളികളേയും, പാതി മിഴി പൂട്ടിയ ചന്ദ്രനേയും,
നിര്‍വികാരതയിലെ നേര്‍ത്ത മഴയേയും
മൌനം കൊണ്ടു ഞാന്‍ സ്വീകരിച്ചു.

നിദ്രയില്‍ നീയെന്നെ വിളിച്ചുണര്‍ത്തി..
പുഞ്ചിരി തൂകി മാഞ്ഞു പോകുംബൊഴും
വേദന കൊണ്ടു മുഖം മറച്ചൂ ഞാന്‍
കണ്ണീരാലെന്‍ തലയിണ നനച്ചു.
ഋതുക്കളിന്‍ പാളികള്‍ അടരാന്‍ കൊതിച്ചു ഞാന്‍
എത്ര നാള്‍ തനിയെ കാത്തിരുന്നു..
അടര്‍ന്നുണങ്ങിയ കാലങ്ങളൊക്കെയും
ആ മുഖം മാത്രം തിരിച്ചു തന്നു.

അറിയില്ലയെന്നും എന്നില്‍ ജ്വലിക്കുന്ന,
ദീപമേ നിന്നെ ഞാന്‍ എങ്ങിനെ കെടുത്തി?
കാറ്റുകള്‍ പോലും കടന്നു ചെല്ലാത്ത
വിജനമാം വീഥികള്‍ ഇന്നിതാ സാക്ഷി.
വിട പറയുവാന്‍ കഴിഞ്ഞതല്ല...
മനസ്സൊട്ടുക്കുമേ പറയില്ലൊരിക്കലും.
മനസ്സിനെ മെരുക്കാന്‍ കഴിയില്ലെനിക്ക്...
അതു തെളിക്കുന്ന വഴിയാണെനിക്കിന്ന് പ്രാപ്യം.


----റോഷന്‍----

Sunday, December 9, 2007

കാലം


മേഘമേ നിന്നെപ്പിരിഞ്ഞ മഞ്ഞുതുള്ളികള്‍
എന്നിലെന്തേ കുളിരേകിയില്ല..
വൃശ്ചികത്തേരേറി വന്ന കാറ്റേ..
എന്നിലെന്തേ നീ ഇടം തേടിയില്ല..
പിന്നിട്ട പാതകള്‍, മുരടിച്ച വീഥികളില്‍..
വാക്കുകള്‍ പോലും തിരിഞ്ഞു നോക്കാതെ..
എത്ര നാളെണ്ണി ഞാന്‍ അടര്‍ന്ന പാഴിലകളെ,
എത്രയൊളിച്ചു നീ വിടര്‍ന്ന പൂമണികളെ..
ഓര്‍മ്മകള്‍ മരിച്ചു, നിശ്വാസങ്ങളായ്
ഓര്‍ക്കാനില്ലാതെ മനസ്സു മരവിച്ചു.
പൊട്ടിച്ചിരികളും കപടകലഹങ്ങളും
കണ്ടു മടുത്തു, കാതുകള്‍ ചൊറിഞ്ഞു.
തണലിന്റെ ഓരം വെറുതേ തിരഞ്ഞ്..
ഞാനും നടന്നു..അറിയാതെയെങ്ങോ.
പേരാലിനിലകള്‍ എന്നെ തഴുകി..
ഉറങ്ങി ഞാനതിന്‍ ഉണങ്ങിയ വേരുകളില്‍
ഉണര്‍ന്നെണീറ്റപ്പോള്‍ എല്ലാം വിജനമായ്..
പൂഴിമണലൂതുന്ന മരുഭൂമി പോലെ..
കണ്ണുകള്‍ തിരുമ്മി, കാതുകള്‍ തിരഞ്ഞു
മരിചീക പോലെ പേരാലും ഞാനും.
അറിഞ്ഞു ഞാനെപ്പോഴോ ഒരു യുഗം മരിച്ചു..
കാറ്റിതാ തണുത്തു അതിന്‍ നിശ്വാസം പോലെ..
കഴിഞ്ഞ കാലം ഞാന്‍ തിരഞ്ഞതില്ല
പുതിയതൊന്നിനായ് കേണുമില്ല..
ചക്രവാളത്തിലൊരു സൂര്യന്‍ ജനിച്ചു..
സൂര്യനാളത്തിനായ് ഉറങ്ങാതെ ഞാനും.

---റോഷന്‍---