Monday, February 25, 2008

ഇനിയും ഒരു വസന്തം.



രാവും നിലാവും ഒരുമിച്ചുണര്‍ന്നു
രാപ്പാടികളുടെ സംഗീതവും
കൊഴിഞ്ഞു തീരാത്ത ഹിമകണങ്ങളില്‍
പൂനിലാവും പതിയെ ചിരിച്ചു.
ഇളകിയൊരിലത്തുംബില്‍ നിന്നമൃതമായ്
തൂമഞ്ഞുതുള്ളികള്‍ വീണുടഞ്ഞു
ചിതറിപ്പടര്‍ന്നൊരാ തുള്ളി തന്‍ തേങ്ങലില്‍,
അറിയാതെയെപ്പൊഴോ ഞാനും ഉണര്‍ന്നു.

സ്വപ്നം നീട്ടിയ തന്ത്രികള്‍ ദ്രവിച്ചുപോയ്
വിരല്‍ തൊടുവാനേ കഴിഞ്ഞതില്ല.
അറിയാതെ മീട്ടിയ വിരലുകളില്‍
നിറഞ്ഞൊരാ മുറിവുകള്‍ മറഞ്ഞതില്ല.
ഓര്‍മ്മകള്‍ പോലും എന്നേ ഓര്‍മ്മയായ്
വന്നുമില്ലോര്‍ക്കാനൊരു നിമിഷവും..
നിലാവില്‍ തണുത്തൊരാ കാലം മറന്നുപോയ്
നിശാഗന്ധി പൂത്തൊരാ മണ്ണും ഉറഞ്ഞുപോയ്.

ഒരുവാക്കു പറയാനൊരുപാടലഞ്ഞു..
കൂടെ നടന്നവറ് അപ്രാപ്യമായ്
വാക്കുകള്‍ അണഞ്ഞു മഴവില്ലുപോലെ
പറയാനൊരുങ്ങി ഞാ‍ന്‍...പതിയെ മറഞ്ഞുപോയ്.
പണ്ടു പറന്നു പോയ് പക്ഷികള്‍ ദൂരെ,
കൂടെ പറക്കാന്‍ കഴിഞ്ഞതില്ല.
അരികിലേക്കണയാന്‍ നിനച്ചപ്പൊഴേയ്ക്കും,
അവസാന തൂവലും പൊഴിഞ്ഞിരുന്നു.

നിഴലുകള്‍ ഇന്നെന്റെ മിത്രങ്ങളായ്
മഴവില്‍സ്വരങ്ങളും മറന്നില്ല ഞാന്‍.
ഇനി യാത്രയില്ല..നില്പു ഞാനിവിടെ
തിരിയട്ടെ കാലം, മാറട്ടെ ഞാനും.
നിലാവും പൂക്കളും മറക്കില്ല ഞാന്‍
ഇനിയുമുണരും അവയെന്നിലൊരുനാള്‍.
കൊതിക്കട്ടെ ഞാനും പുതിയൊരു വസന്തം,
കൂട്ടിരിക്കാന്‍ കുറേ സ്വപ്നങ്ങളും.

-----റോഷന്‍-----