Saturday, August 5, 2017

മുറിവുകൾ ചികയുന്നവർക്കായ്‌


ഇനിയൊരു നിർവികാരമാം പകലിനെ
ആർത്തലച്ചുറങ്ങുമൊരു രാത്രിയെ
പുണരുവാനില്ലയീ ചലിക്കാത്ത കൈകളിൻ
മുറിവുകൾ ഇനിയും ചികയാതെ ലോകമേ.

നിങ്ങൾ കടമെടുത്തയെൻ കാതുകൾ
കണ്ണീരു പോലും കനിയാത്ത കണ്ണുകൾ
നിങ്ങൾ കൂട്ടിപ്പിടിച്ചയെൻ ചുണ്ടുകൾ
ലക്ഷ്യമില്ലാതെയെൻ നീലിച്ച മേനിയിൽ
വിടരാത്ത മോഹങ്ങൾ മുറുകെപ്പിടിക്കുമ്പോൾ
എൻ മുറിവുകൾ ഇനിയും ചികയാതെ ലോകമേ. 

നിങ്ങൾക്കു വേണ്ടി തുടിച്ചൊരെൻ ഹൃദയത്തിൽ
ശൂലമുന കൊണ്ടുള്ള ചോരയുടെ ഉറവകൾ
മൊത്തിക്കുടിച്ചു നീ മുഴുവനും പിന്നെയും
ശൂലങ്ങെളെന്തിനു ആഴ്‌ന്നാഞ്ഞിറക്കി?

ദൂരയെങ്ങോ പണ്ടു മറന്നയെൻ
നേർത്ത തണുപ്പുള്ള ഞാനെന്ന സത്യം
ഇനിയും അണിയുവാൻ കഴിയുകയില്ലയെൻ
നീലിച്ചു മരവിച്ച വാടക മേനിയിൽ.
നിർത്തുന്നിതായീ ഏകാംഗനടനം
നിങ്ങൾക്കു വേണ്ടി ആടിയ വേദിയിൽ.
യാത്രയയപ്പിനായ്‌ എത്തുമ്പോഴെങ്കിലും
എൻ മുറിവുകൾ ഇനിയും ചികയാതെ ലോകമേ..

റോഷൻ 

1 comment:

Roshan said...

മുറിവുകൾ ചികയുന്നവർക്കായ്‌