Wednesday, January 23, 2008

സുഹൃത്ത്.


അലിഞ്ഞു ചേര്‍ന്നൊരീയിലകള്‍ക്കു മീതെ,
പുലരി തേടി ഞാനലഞ്ഞീടുംബോള്‍
അടര്‍ന്നു വീണ മഴത്തുള്ളികളെന്‍,
കണ്ണുകള്‍ തൊടാതെ കടന്നു പോകുംബോള്‍..
മിഴിത്തുംബിലുതിര്‍ന്ന നീര്‍കണങ്ങളെ
തിരിച്ചറിയാതെ മറച്ചു പിടിച്ചു ഞാന്‍
ഒരു മഴത്തുള്ളിയിലലിഞ്ഞൊന്നു ചേരുവാന്‍
കാലങ്ങളെത്രയോ കൊതിച്ചു നിന്നൂ ഞാന്‍.

ശലഭങ്ങള്‍ പാറിയ, പച്ച വിരിച്ച
വിദ്യാലയം ഇന്നെന്നോര്‍മ്മയായ്.
പാടിത്തളര്‍ന്ന, ചിരികള്‍ മായാത്ത
ചുമരുകള്‍ പോലും ഇവിടെ കഥയായ്.
പ്രണയം ജനിച്ചൊരാ വഴിയോരങ്ങളും
നിശബ്ദമായോതിയ യാത്രാമൊഴിയും
ഓര്‍മ്മയിലേക്കു മറഞ്ഞു പോകാതെ
അറിയില്ലയെന്‍ ജീവവായു പോലെ.

കിനാക്കള്‍ കൊഴിഞ്ഞ ശിഖരങ്ങളില്‍
മൌനം വെറുതെ കൂടു കൂട്ടി
നിറസന്ധ്യ തേങ്ങി, നിലാവിനെ മറന്നു
ഏകാന്തതയെ പ്രണയിച്ചു ഞാന്‍.
മണല്‍പ്പരപ്പില്‍ വെറുതേയലഞ്ഞു
കടലിന്നലകള്‍ പിന്നെയും തിരഞ്ഞു
യുഗങ്ങളില്‍ മാത്രം പുനര്‍ജ്ജനിക്കുന്ന,
പൊട്ടിച്ചിരികളില്‍ വീണ്ടും അലിഞ്ഞു.
തളര്‍ന്നു ഞാന്‍ രാവില്‍ തിരികെയെത്തുംബോള്‍
നിശബ്ദമായ് നീയെന്നും കാത്തിരുന്നു
രാവിന്‍ തണുപ്പില്‍ ഉറങ്ങാതിരിക്കുംബോള്‍
ഒരു പുതപ്പായ് നീ കൂട്ടിരുന്നു.

ഒരു പുലരിയായ് എന്നോ ഉദിച്ച
ആത്മസുഹൃത്തേ നിന്‍ വാക്കുകള്‍..
ഋതുക്കളെത്താണ്ടി പറന്നടുക്കുംബോള്‍
കണ്ണീര്‍ക്കണങ്ങള്‍ അലിഞ്ഞു പോയി.
ഒരു കാതു തന്നു നീ കേള്‍ക്കാനിരുന്നു
ചാഞ്ഞിരിക്കാനൊരു ചില്ല തന്നു..
മിഴിനീര്‍ക്കണങ്ങള്‍ പൂവായ് വിടര്‍ത്തി
അതിന്റെ സൌരഭ്യം നീ പകര്‍ന്നു തന്നു.

അറിയാം പുലരികള്‍ ഇനിയെത്ര ബാക്കി
ഇന്നലെകളുടെ വേദനയും..
മറയ്ക്കട്ടെ ഞാനവ, തുഴയട്ടെ ദൂരെ,
വേദനിക്കാതൊരു തീരമണയാന്‍.
എന്‍ സുഹൃത്തേ നീ തന്ന വാക്കുകള്‍
കൂട്ടീടട്ടെ ഞാനെന്റെ കൂടെ..
തേങ്ങലായിനിയുമെന്നോര്‍മ്മയെത്തുംബോള്‍,
നെഞ്ചോടു ചേര്‍ത്തു പിടിച്ചീടുവാന്‍.

----റോഷന്----